കോഴിക്കോട് ആസ്ഥാനമായി അല്പകാലമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യഭ്യാസ സാമൂഹ്യസേവന സംരംഭമാണ് റീഡ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍. രണ്ടുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ അതിലേറെ ദൈര്‍ഘ്യമുള്ള ചിന്താമനനപഠനങ്ങള്‍ക്കു ശേഷം ഈ ഖുര്‍ആന്‍ അകംപൊരുള്‍ എന്ന മാനവികവ്യാഖ്യാനം ഇപ്പോള്‍ നിങ്ങളുടെ മുന്നിലേക്കെത്തിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു വളരെ വലിയ ചാരിതാര്‍ത്ഥ്യമുണ്ട്. ഖുര്‍ആന്‍പരിഭാഷയും വ്യാഖ്യാനവും ജനങ്ങളിലേക്കെത്തിക്കുക മാത്രമല്ല, പ്രപഞ്ചത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരും മുന്‍കഴിഞ്ഞവരും ഇനി വരാനിരിക്കുന്നവരുമായ നിഖില മനുഷ്യരേയും ഒന്നായിക്കാണുക എന്ന സാകല്യമാണ് റീഡിന്റെ ലക്ഷ്യം. അഥവാ അത്തരം സംസ്‌കാരമുള്ള ഒരു മാനവികസമൂഹത്തെ രൂപപ്പെടുത്തുന്ന സാക്ഷാത്കാരം. റീഡ് വെല്‍ഫെയര്‍ ഫൗണ്ടേഷനില്‍ നിന്നും ദൈവാനുഗ്രഹവും ആയുസ്സുമുണ്ടെങ്കില്‍ ഇത്തരം നന്മകളുടെ തുടര്‍ച്ചയെന്നോണം വിദ്യഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളടക്കം ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.
മതപ്രബോധനമോ മതപ്രചരണമോ അല്ല, മറിച്ച് ദൈവികനീതിയുടെ തുല്യ സംവിധാനത്തെ മനുഷ്യസാധ്യമായ ഭാഷയില്‍ നിര്‍വചിക്കുകയും പരാവര്‍ത്തനം ചെയ്യലുമാണ് ഞങ്ങളുടെ ലക്ഷ്യം. മനുഷ്യര്‍ക്കു മാത്രമല്ല പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും കരുണയുടെ മേലാപ്പ് വിരിച്ചുകൊടുത്ത സര്‍വ്വേശ്വരന്‍ വിശ്വാസികളോടും അവിശ്വാസികളോടും കരുണയുള്ളവനത്രെ. കരുണയുടെ മുഖ്യമുഖം തന്നെയാണു വെള്ളവും വെളിച്ചവും പോലെ സുതാര്യമായ ജ്ഞാനം പകരാന്‍ ഏവര്‍ക്കും സംവിധാനം ചെയ്യുന്നത്. എളിമയോടും താഴ്മയോടും സൂക്ഷ്മതയോടും അവധാനതയോടും ഞങ്ങളതിന്റെ ഭാഗമാകുകയായിരുന്നു. പുസ്തക പ്രസാധനം ഞങ്ങള്‍ക്കു ദിവ്യവെളിപാടിന്റെ ഒരംശം ആവാഹിക്കുകയെന്ന കര്‍മം കൂടിയാണ്.
ഇതിന്റെ പിന്നില്‍ ഏതെങ്കിലും വിചാരധാരയോ സംഘടനയോ ഇല്ല. എന്നാല്‍ മനുഷ്യരെ ഒന്നായിക്കാണുന്ന നാനാജാതി മതബോധ്യവും മതാചാരവും പിന്തുടരുന്ന കുറേ സുമനസ്സുകളുടെ സഹായത്തോടെയാണ് സി.എച്ച്. മുസ്തഫ മൗലവി ഈ ഒന്നാം വാള്യത്തിന്റെ രചന പൂര്‍ത്തിയാക്കിയത്. അതിന് സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്കാന്‍ റീഡ് ഫൗണ്ടേഷന്‍ തുടക്കം തൊട്ടേ ശ്രമിച്ചു പോന്നിട്ടുണ്ട്. പരമാവധി കെട്ടിലും മട്ടിലും ഈടിലും ഗുണമേന്‍മ ഉറപ്പു വരുത്തിയിട്ടുമുണ്ട്. ഞങ്ങളുടെ സംവിധാനത്തിലോ പുസ്തകത്തിന്റെ ഉള്ളടക്കത്തിലോ ഏതെങ്കിലും വിധത്തിലുള്ള പോരായ്മകളോ കുറവുകളോ നോട്ടപ്പിശകുകളോ വന്നിട്ടുണ്ടെങ്കില്‍ സഹൃദയം അവ ശ്രദ്ധയില്‍പെടുത്തണം. എല്ലാ നിര്‍ദ്ദേശങ്ങളും സ്വാഗതാര്‍ഹമാണ്. തുടര്‍ന്നു വരുന്ന വാള്യങ്ങളിലും പുനഃപ്രസിദ്ധീകരണത്തിലും അവ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്കുന്നു.
മുസ്തഫ മൗലവി എന്ന ഗ്രന്ഥകാരന്‍ ഖുര്‍ആനിന്റെ മുമ്പില്‍ അനന്യസാധാരണമായ ക്ഷമയോടെയും ആഴത്തിലുള്ള അന്വേഷണത്തോടെയും വര്‍ഷങ്ങളോളം അടയിരുന്നു തന്നെയാണ് ഇതെഴുതിയത്. തനിക്കു പങ്കുവെക്കാന്‍ സാധ്യമായ ചിന്തകളുടെയും നിരീക്ഷണത്തിന്റെയും കാര്യത്തില്‍ കുറെയധികം ആളുകളെ കൂടെയിരുത്തിയും കൂടെയിരുന്നുമാണ് അദ്ദേഹം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പലഘട്ടങ്ങളിലായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും ഗവേഷണങ്ങളിലും കേരളത്തിന്റെ അകത്തും പുറത്തുമായി നിരവധി പണ്ഡിതരും ഗവേഷകരും സജീവമായും സക്രിയമായും ദിവസങ്ങളോളം പങ്കെടുത്തു. അവരോടൊക്കെ എങ്ങിനെ നന്ദിവാക്ക് പറയണമെന്ന് അറിയില്ല. ഈ ഗ്രന്ഥത്തിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥനകളര്‍പ്പിക്കുകയും ചെയ്ത മുഴുവന്‍ മഹദ്‌വ്യക്തികള്‍ക്കും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രട്ടേണിറ്റി (എഎഎ) എന്ന മാനവിക കൂട്ടായ്മയോട് ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു.
ജാതിമത ചിന്തകള്‍ക്കെതിരാണ് ഈ ഗ്രന്ഥം. അക്ഷരമറിയുന്ന സകലരുടെയും അകംപൊരുള്‍ വേദത്തിലൂടെ കാണിച്ചു തരുന്നതാണിത്. അതിനാല്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച് മലയാളത്തിനു ശേഷം ഇംഗ്ലീഷിലേക്കും പിന്നീട് മറ്റു ഭാഷകളിലേക്കും ഇതേ പുസ്തകം കൊണ്ടു വരണമെന്ന ആഗ്രഹം റീഡ് ഫൗണ്ടേഷനുണ്ട്. ലോകം മുഴുവന്‍ ഒരുമയിലേക്കും ഒരേയൊരു നാഥനിലേക്കും തിരിച്ചെത്തണമെന്ന അഗാധബോധ്യം പരസ്പരം ഇഴുകിച്ചേര്‍ന്നു നാം പങ്കുവെയ്ക്കുന്നു. പുതിയ പങ്കുവെയ്പുകളിലേക്കും അന്യോന്യത്തിലേക്കും ഈ പുസ്തകം ഒരു ഉപഹാരമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചും ആഗ്രഹിച്ചും ഖുര്‍ആനടക്കമുള്ള വേദങ്ങളും ദൈവികസത്യങ്ങളും പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന സഹൃദയരായ വായനക്കാര്‍ക്കു മുമ്പില്‍ സവിനയം ഈ ഗ്രന്ഥം സമര്‍പ്പിക്കുന്നു.
വി.കെ. അബ്ദുല്ല അബൂബക്കര്‍ (ചെയര്‍മാന്‍)
റീഡ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍,
കൊടിയത്തൂര്‍ പോസ്റ്റ്, കോഴിക്കോട് ജില്ല