ക്രി. 570ലാണ് മുഹമ്മദ് ജനിക്കുന്നത്. അറേബ്യയിലെ ഹിജാസിന്റെ ഭാഗമായ മക്കയില്‍ കച്ചവടക്കാരനായിരുന്ന അബ്ദുല്ലയുടെയും ആമിനയുടെയും മകനായി പിറന്നു. അന്നത്തെ മക്കാ വാസികള്‍ മറ്റ് അറേബ്യന്‍ പ്രദേശവാസികളെപ്പോലെത്തന്നെ ഗോത്രസംസ്‌കാരവും നിയമങ്ങളും അനുസരിക്കുന്നവരായിരുന്നു. വേദജ്ഞാനമോ തദടിസ്ഥാനത്തിലുള്ള ധാര്‍മിക വ്യവസ്ഥയോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. മക്കയിലെ വിശുദ്ധ മന്ദിരത്തിന്റെ സൂക്ഷിപ്പുകാരെന്ന പാരമ്പര്യത്തിനപ്പുറത്ത് പ്രവാചക പാരമ്പര്യവും അവര്‍ക്ക് അന്യമായിരുന്നു. ഗോത്രനിയമങ്ങളും ആചാരങ്ങളുമായിരുന്നു അവര്‍ക്കു പ്രമാണം. വിഗ്രഹാരാധകരായിരുന്ന അവര്‍ രക്തബലി ഉള്‍പ്പെടെ കടുത്ത ആചാരങ്ങള്‍ പിന്തുടരുന്നവരായിരുന്നു. ഗോത്രീയതയുടെ അനിവാര്യഫലമായ വംശീയതയും ഉച്ചനീചത്വങ്ങളും വലിയ അളവില്‍ നിലനിന്നിരുന്നു. ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും കലഹങ്ങളും പലപ്പോഴും യുദ്ധസമാനമായ കാലുഷ്യത്തിലേക്കു നയിച്ചിരുന്നു. ഓരോ ഗോത്രവും തങ്ങളുടെ കൂട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ അപദാനങ്ങള്‍ പാടുകയും തലമുറകള്‍ക്കു വൈകാരികമായി കൈമാറുകയും ചെയ്തിരുന്നു.
അത്യാചാരികളായ ചില ഗോത്രക്കാര്‍ പെണ്‍കുട്ടികള്‍ ദുശ്ശകുനമാണെന്നു വിശ്വസിക്കുകയും അവരെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. മനുഷ്യനെ അടിമച്ചന്തയില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു.
ഇതൊക്കെയാണെങ്കിലും ചില പൊതുനന്മകള്‍ അവരില്‍ ഉണ്ടായിരുന്നു. കച്ചവടക്കാരും സഞ്ചാരികളുമായിരുന്നു അറബികള്‍. പൊതുവേ സത്യസന്ധരും വാഗ്ദാനപാലനത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തവരുമാണ് അവര്‍. ബോധ്യപ്പെട്ട കാര്യങ്ങളില്‍ സര്‍വം സമര്‍പ്പിക്കുന്നവരും അങ്ങേയറ്റത്തെ പ്രതിബദ്ധത ഉള്ളവരുമായിരുന്നു. കരാറുകള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ വില കല്‍പിക്കുന്നവരും മുതിര്‍ന്നവരെ ആദരിക്കുന്നവരും കവിതാസ്വാദകരുമായിരുന്നു അവര്‍.
ഇത്തരമൊരു സമൂഹത്തിലാണ് മുഹമ്മദ് തന്റെ 40ാം വയസ്സില്‍ (ക്രി. 610) പ്രവാചകനായി നിയുക്തനാകുന്നത്. സമൂഹത്തില്‍ മുഹമ്മദിനുള്ള വിശ്വാസ്യതയും സല്‍പ്പേരും പ്രസിദ്ധമായിരുന്നു. ”വായിക്കുക, അട്ട കണക്കെ അള്ളിപ്പിടിക്കുന്ന ഭ്രൂണത്തില്‍ നിന്നു മനുഷ്യനെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. പേനയുടെ ഉപയോഗം പഠിപ്പിച്ച നിന്റെ നാഥന്‍ അത്യുദാരന്‍ തന്നെ. മനുഷ്യനെ അറിയാത്തതെല്ലാം ദൈവം അഭ്യസിപ്പിച്ചു” (96: 1-5).
ഖുര്‍ആന്‍ ആരംഭിച്ചത് അങ്ങനെയായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളില്‍ നിന്നു കടുകിട വ്യതിചലിക്കാന്‍ തയ്യാറില്ലാത്ത ആ ജനതയെ പ്രവാചകന്‍ കാരുണ്യപൂര്‍വം ബോധവത്കരണം നടത്തി. കടുത്ത എതിര്‍പ്പുകളായിരുന്നു ഫലം. ചിന്താശീലരായ ഏതാനും പേര്‍ പ്രവാചക സന്ദേശങ്ങളെ ഉള്‍ക്കൊണ്ടു. പത്‌നി ഖദീജ, പിതൃവ്യപുത്രന്‍ അലി, വളര്‍ത്തു മകന്‍ സെയ്ദ് തുടങ്ങി വീട്ടുകാരും അബൂബക്കറിനെപ്പോലുള്ള ചങ്ങാതിമാരും ഖുര്‍ആനിക സന്ദേശങ്ങള്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങി. കരളലിയിക്കുന്ന കഠിനാനുഭവങ്ങള്‍ പ്രവാചകനോടൊപ്പം അവരും അനുഭവിക്കേണ്ടതായിവന്നു.
മനുഷ്യരെല്ലാം തുല്യരാണെന്ന അടിസ്ഥാന പ്രഖ്യാപനം അവരിലെ കീഴാള ജനതയെ അഗാധമായി സ്വാധീനിച്ചു. പതുക്കെ പ്രവാചകനെത്തേടി അവരെത്തി. യാസിര്‍, സുമയ്യ, അമ്മാര്‍, ബിലാല്‍, ഖബ്ബാബ് തുടങ്ങിയവര്‍ യജമാനന്‍മാര്‍ അറിയാതെ പ്രവാചക സന്ദേശങ്ങളുടെ കുളിരേറ്റുവാങ്ങി. അവരെല്ലാം ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ചിലരെങ്കിലും അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.
എതിര്‍പ്പുകള്‍ കനത്തപ്പോഴും മഹദ് സന്ദേശം ജനങ്ങള്‍ക്കിടയില്‍ കാതോടുകാതോരമായി പ്രസരിച്ചുകൊണ്ടേയിരുന്നു. ചിന്താശീലരായ ആളുകള്‍ മെല്ലെമെല്ലെ ഖുര്‍ആനിക പ്രകാശത്തില്‍ പറന്നെത്തിക്കൊണ്ടിരുന്നു. പണ്ട് അടിമകള്‍, ഉടമകള്‍ എന്ന ഭേദമില്ലാതെ എല്ലാവരും ഒത്തിരുന്നു പ്രാര്‍ഥിക്കുക, ഭക്ഷിക്കുക, ചര്‍ച്ചകള്‍ നടത്തുക എന്നിത്യാദി കാര്യങ്ങള്‍ അവര്‍ക്ക് ആലോചിക്കാനേ കഴിയുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് നബി അതു യാഥാര്‍ഥ്യമാക്കി. യാഥാസ്ഥിതികര്‍ക്കിടയില്‍ അതു കോളിളക്കമുണ്ടാക്കിയെങ്കിലും യുവതലമുറ അത് ഏറ്റെടുത്തു.
ഇതിനിടയില്‍ ഖുര്‍ആന്‍ വചനങ്ങള്‍ ഒന്നൊന്നായി അവതരിച്ചുകൊണ്ടിരുന്നു. ചിലപ്പോള്‍ ഒന്നോ രണ്ടോ വചനങ്ങള്‍ മാത്രം. മറ്റു ചിലപ്പോള്‍ ഒരു കൊച്ചു അധ്യായം. ചില നേരങ്ങളില്‍ പ്രവാഹം പോലെ വചനങ്ങളുടെ പെയ്ത്ത്. ഭാഷാസൗന്ദര്യവും സംഗീതാത്മകതയും ഒത്തിണങ്ങിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒതുക്കിവെച്ചിരിക്കുന്ന ആശയങ്ങളുടെ അടുക്കുകള്‍ ആകാശം പോലെ വിസ്തൃതമായിരുന്നു. മനോഹരമായ താളത്തില്‍ പാരായണം ചെയ്യാന്‍ സാധിക്കുന്ന വചനങ്ങള്‍ ഒറ്റക്കേള്‍വിയില്‍ തന്നെ ആരെയും ആകര്‍ഷിക്കുമായിരുന്നു. സാഹിത്യാഭിരുചിയുള്ളവര്‍ക്കും സംഗീതമനസ്സുള്ളവര്‍ക്കും ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപാഠമാക്കുകയെന്നത് അയത്‌നലളിതമായിരുന്നു. പൗരുഷമുറ്റിയ മനോഹര ശബ്ദത്തില്‍ മുഹമ്മദ് നബി ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുന്നതു കേള്‍ക്കാന്‍ തടിച്ചുകൂടുന്ന ജനങ്ങളില്‍ എതിരാളികളും എമ്പാടുമുണ്ടായിരുന്നു.
ശിഷ്യരില്‍ ചിലരെ എത്യോപ്യയിലേക്ക് പ്രവാചകന്‍ അയച്ചു. കഠിനാനുഭവങ്ങളായിരുന്നു കാരണം. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘങ്ങള്‍ രണ്ടു തവണയായി നേഗസ് രാജാവ് ഭരിക്കുന്ന എത്യോപ്യയില്‍ അഭയം തേടി. നല്ലവനായിരുന്ന നേഗസ് അവര്‍ക്ക് സൗകര്യങ്ങളോടെ അഭയം നല്‍കി.
അപ്പോഴൊക്കെ ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചുകൊണ്ടേയിരുന്നു. കൊച്ചുകൊച്ചു വാക്യങ്ങളായി, അടരുകളായി വചനപുഷ്പങ്ങള്‍. ചിലപ്പോള്‍ സൗമ്യം, മറ്റു ചിലപ്പോള്‍ തീക്ഷ്ണം, ഒരിടത്ത് സുവിശേഷം, മറ്റൊരിടത്ത് താക്കീത് എന്നിങ്ങനെയായിരുന്നു ശൈലി. പ്രിയ പത്‌നി ഖദീജയുടെയും പിതൃവ്യന്‍ അബൂത്വാലിബിന്റെയും മരണത്തില്‍ (51ാം വയസ്സില്‍) പ്രവാചകന്‍ വല്ലാതെ ഉലഞ്ഞു. മക്ക വിട്ട് ത്വാഇഫിലേക്ക് യാത്രയായി. അജ്ഞാനികളുടെ നഗരമായ ത്വാഇഫില്‍ പ്രവാചകന്‍ തിരസ്‌കൃതനായി. വീണ്ടും മക്കയില്‍.
അകലെയുള്ള യസ്‌രിബ് നഗരത്തില്‍ ഖുര്‍ആനിക സന്ദേശങ്ങളുടെ അലകള്‍ എത്തിത്തുടങ്ങിയിരുന്നു. അവിടെ നിന്നുള്ള സത്യാന്വേഷികള്‍ പ്രവാചകനെ തേടിയെത്തി. ഹൃദയാലുക്കളായ യസ്‌രിബുകാര്‍ പ്രവാചകനെയും ശിഷ്യരെയും തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചു. പ്രവാചകന്‍ ശിഷ്യന്‍മാരെ യസ്‌രിബിലേക്ക് പറഞ്ഞയച്ചു. ഒരു വര്‍ഷത്തിനകം പ്രവാചകന്‍ തന്നെയും യസ്‌രിബിന്റെ സ്‌നേഹവായ്പിലേക്കു നടന്നുചേര്‍ന്നു. അന്നു മുതല്‍ യസ്‌രിബ് പ്രവാചക നഗരി അഥവാ മദീന എന്നറിയപ്പെടാന്‍ തുടങ്ങി.
മദീനയില്‍ എത്തിയ ശേഷം ഖുര്‍ആനിക വചനങ്ങളുടെ ശീലുകളില്‍ ചെറിയ മാറ്റം വന്നു. കൊച്ചുകൊച്ചു വചനങ്ങള്‍ക്കു പകരം അല്‍പം നീളമുള്ള വചനങ്ങള്‍. നല്ല ദൈര്‍ഘ്യമുള്ളവയും ഇല്ലാതില്ല. വ്യാവഹാരിക നിയമങ്ങളും അനുഷ്ഠാന നിയമങ്ങളും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ധാരാളമായി അവതരിച്ചുതുടങ്ങി. അപ്പോഴും ഭാഷാസൗന്ദര്യത്തിനോ സംഗീതാത്മകതയ്‌ക്കോ കുറവൊട്ടും വന്നില്ല.
ഖുര്‍ആന്റെ പ്രഥമ അഭിസംബോധിതര്‍ മക്കയിലും മദീനയിലും ചുറ്റുപ്രദേശങ്ങളിലുമുള്ള അറബികളാണ്. അവര്‍ക്കു സുപരിചിതങ്ങളായ ഉപമകളും അലങ്കാരങ്ങളും ബിംബങ്ങളും ഉപയോഗിച്ചാണ് ഖുര്‍ആന്‍ ആശയാവിഷ്‌കാരം നടത്തിയിട്ടുള്ളത്. പ്രഥമ കേള്‍വിയില്‍ തന്നെ അവര്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നവയായിരുന്നു അവ.